Thursday, December 29, 2011

കാലൊടിഞ കിളി

കളിച്ചുകൊണ്ടിരുന്ന കുട്ടിയെ
പമ്മിപമ്മി വന്ന്, പട്ടി കടിച്ചുരുട്ടി.
കണയേറ്റു കാലൊടിഞ കിളി ജീവനും
കൊണ്ടു പറന്നു പോയി.
ഉമ്മയെത്തേടി വര്‍ഷത്തിലെ രണ്ടാമത്തെ പകുതി
മുറതെറ്റാതെ വന്നുകൊണ്ടിരുന്നു.
ബാപ്പ വരാന്തപ്പടിയില്‍ കെട്ടിവച്ചവരെ
ചൂരല്‍വടി കൊണ്ട് പൊതിരെ തല്ലി.
അടികൊണ്ട് പുളഞവര്‍
അതിരറ്റ് വാപ്പയെ ശകാരിച്ചു.
അനിശ്ചിതത്വത്തിനിടയിലും
സമ്പത്തിന്റെയും സൌന്ദര്യത്തിന്റെയും മികവില്‍
പെങള്‍മാര്‍ രണ്ടും സുമംഗലികളായി.
മൂത്ത ജ്യേഷ്ഠന്‍ മുതിര്‍ന്നപ്പോള്‍
അവനും അമ്മയുടെ രോഗം ഒസ്യത്തായി ലഭിച്ചു.
വെളിയിലിറങാതെ, വെയില്‍ കൊള്ളാതെ
പുരയില്‍ തന്നെ, വര്‍ഷങള്‍ കടന്നു പോയി.
ജ്യേഷ്ഠനിലെ പണ്ഡിതനും
ചെറുകിട കച്ചവടക്കാരനും
പരാജയത്തിന്റെ നെല്ലിപ്പലക കണ്ടു
പണ്ഡിത സദസ്സുകളില്‍ പ്രസംഗിക്കാന്‍
പോകുമ്പോള്‍
വീണപൂവിന്റെ ജീവിത സന്ദേശം തേടി
അദ്ദേഹം എന്റടുത്തും വന്നിട്ടുണ്ട്.
നിറകണ്ണുകളോടെ
ചേട്ടത്തി കുട്ടിയെയും കൊണ്ട്
സ്വഭവനത്തിലേയ്ക്ക് തിരിച്ചു പോയി.
ഇടയ്ക്കിടെ മഴ പെയ്തു
ഇടയ്ക്കിടെ മഞു പെയ്തു
പുരയിടത്തിലെ ഫലവൃക്ഷങള്‍
തളിര്‍ത്തും
പൂത്തും
കായ്ച്ചു കൊണ്ടിരുന്നു.
പൂക്കാലം കഴിഞാല്‍
നാട്ടിലാദ്യമായ് കാറ് 'വച്ച' വീട്ടില്‍
അത്താഴ പട്ടിണി പതിവായി.
കാലപ്രവാഹ കുതിപ്പില്‍
ബാപ്പയുമുമ്മയും, തിരിച്ചു വരാത്ത യാത്ര പോയി
അയല്‍ക്കാരന്റെ കൃപ കൊണ്ട്
ജ്യേഷ്ഠന്‍മാര്‍ രണ്ട് പേര്‍
അനന്തപത്മനാഭന്റെ കാശുവാങി തുടങി.
കാശുവാങി തുടങിയവര്‍
അവരവരുടെയിടങളില്‍
കയറി പതുങി കിടന്നു?
ചുറ്റും നടന്നതവര്‍ കണ്ടില്ല, കേട്ടില്ല.
അല്ലെങ്കില്‍ കണ്ടില്ല, കേട്ടില്ല എന്നു നടിച്ചു!
അവസാനം നടുക്കടലില്‍ നിന്നും
അവനെയും ദൈവം
പൊക്കി എടുത്തു?
കല്യാണാലോചനകള്‍ വന്നു തുടങി
മനസ്സിലാദ്യമായ് സന്തോഷവും
സമാധാനവും തോന്നിയ നിമിഷങല്‍.
വര്‍ഷത്തിലെ രണ്ടാം പകുതി തുടങിയപ്പോള്‍
ഒരു രാത്രിയില്‍
ഉമ്മയെപോലെ
"വലിയാക്ക"യെ പോലെ
അവളുമവനെ ഞെട്ടിച്ചു.
ബാപ്പയ്ക്കറിയാമായിരുന്ന ചൂരല്‍ പ്രയോഗം
അപ്പോളവനന്യമായിരുന്നു;
കണയേറ്റു കാലൊടിഞ കിളി
ജീവനും കൊണ്ട് പറക്കുന്നതപ്പൊഴും കണ്ടു.ബി.ഷിഹാബ്

Thursday, December 15, 2011

ചിക്കാഗോ

ബി.ഷിഹാബ്
ഒന്നിന്റെ ഹുങ്കിന്‌ മറുമരുന്നായ്
ചിക്കാഗോ തെരുവിലേയ്ക്കിറങി!

മറുതുണിയില്ലാത്തവര്‍,
മാറ്റ കാലുറകളില്ലാത്തവര്‍,
തലചായ്ക്കാനിടയില്ലാത്തവര്‍
ഓസോണ്‍ കുടപൊത്ത് നനയുന്നവര്‍
കടലില്‍ താഴുമെന്ന് ഭയക്കുന്നവര്‍
പിറന്ന മണ്ണിനായ് പോരാടുന്നവര്‍
നാളെയില്‍ ശൂന്യത ദര്‍ശിച്ചവര്‍
അസ്വതന്ത്രര്‍,
തൊണ്ണൂറ്റി ഒമ്പതിന്റെ മുറവിളികളാല്‍
മുഖരിതം ലോകം.

മുതലാളിത്തത്തിന്റെ തലസ്ഥാനം
ക്ഷുഭിതയൌവ്വനത്തിന്റെ പിടിയില്‍പെട്ടു.
മിസ്സിസ്സിപ്പി പറയാതെ പറഞു
ആമസോണിന്‍ സിംഹഗര്‍ജ്ജനത്തില്‍ ലോകം;
വിമോചന ഗീതം കേട്ടു.
നൈലിന്റെ നാള്‍വഴിയില്‍
മുല്ലപ്പൂമണം പരന്നു.
വറുതിയുടെ എരുതീയിലും
*'വോള്‍ഗ' ലോകത്തെ വിസ്മയിപ്പിച്ചു വീണ്ടും
ഗംഗ അശാന്തമനസ്സുമായ്
ശന്തമായൊഴുകി.
യുദ്ധകൊതിയുടെ
വര്‍ണ്ണവെറിയുടെ
മതഭ്രാന്തിന്റെ
ആയിരമായിരം കള്ളത്തരങളുടെ
ചതിയുടെ, പകയുടെ
മുതുകില്‍ കെട്ടിപ്പടുത്ത
യാങ്കിയുടെ വെള്ളകൊട്ടാരം
കുപ്രസിദ്ധിയുടെ ഇരുള്‍ മാറാല മൂടി കിടക്കുന്നു!
അങ്കിള്‍ സാമിന്റെ കഴുകന്‍ കണ്ണുകള്‍
മുഴുനീളെ ഭീതി പടത്തുന്നു.

ചിക്കാഗോ വീണ്ടും
മാനവ രാശിയ്ക്കായ് തെരുവിലിറങി
പണിയാളര്‍ക്കായ് വര്‍ണ്ണലിപികളില്‍
ചരിത്രമെഴുതി പിടിപ്പിച്ച ചിക്കാഗോ!
മുമ്പവള്‍ കൊളുത്തി വച്ച ചെറു ദീപം
മധ്യാഹ്ന സൂര്യനായ് കത്തി ജ്വലിച്ചു.
ഒന്നിന്റെ ഹുങ്കിന്‌
ചിന്തകളില്‍ മറുമരുന്നുമായ്
ചിക്കാഗോ വീണ്ടും വന്നു.

ചരിത്രം സാക്ഷി
ഇന്ന് ചിക്കാഗോ
നാളെ മാനവരാശി.


*യൂറോപ്പില്‍ പൂട്ടിപോയ കമ്പനികള്‍ ഏറ്റെടുക്കുമെന്ന് റഷ്യന്‍ പ്രസിഡന്റിന്റെ പ്രസ്താവന ലോകം വിസ്മയത്തോടെയാണ്‌ ശ്രവിച്ചത്.

Saturday, November 26, 2011

ഭീതി

കൊടും വിഷമുള്ള പാമ്പ്
കണ്ടാലാരും പേടിച്ചു പോകും
തലയില്‍ അടയാളമുണ്ട്
അടിഭാഗം വെളുത്തിട്ട്
പുറംതോടോ, കടുകറുപ്പ്?
ചിതമ്പലുകള്‍ക്ക് വ്യക്തതയുണ്ട്!

ഒരു ബാലനതിനെ തലക്കടിച്ചുകൊന്നു?
കൂറ്റന്‍ ചോരയില്‍ കുളിച്ചു കിടന്നു!

കൂടി നിന്നവരാരോ വാലില്‍
തൂക്കിയെടുക്കവെ
പാമ്പിന്റെ പല്ലുകള്‍
ദേഹത്തു കൊണ്ടെനിക്കു മുറിഞുവോ?
മുറിവില്‍ വിഷം പുരണ്ടുവോ?
പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നു.
ജന്മാന്തരങളായ് ഞാന്‍
കൊണ്ട് നടക്കുന്ന ദുര്‍ഭൂതം
മനസ്സില്‍ മായാതെ കിടക്കുന്നിപ്പൊഴും.


ബി.ഷിഹാബ്

Wednesday, November 9, 2011

ഷിഹാബിന്റെ യുദ്ധകവിതകള്‍

-സുഭാഷ് വലവൂര്‍
എക്കാലത്തും കവികളെ പ്രചോദിപ്പിച്ചിട്ടുള്ള വിഷയമാണ്‌ 'യുദ്ധം'. പ്രാമാണിക കാലഘട്ടത്തില്‍ വീരഗാഥകളായിട്ടാണെങ്കില്‍ ലോകമഹായുദ്ധങള്‍ക്കുശേഷം വിലാപത്തിന്റെയും താക്കീതിന്റെയും സ്വത്വനഷ്ടത്തിന്റെയും അസ്തിത്വ ദുഃഖത്തിന്റെയും ഗാഥകളായി. 'ഇരിക്കുന്ന കൊമ്പല്ലേ മുറിയുന്നത്' എന്ന കവിതാസമാഹാരത്തിലൂടെ സ്വന്തമായ രാഷ്ട്രീയമുള്ള ഒരു മനുഷ്യസ്നേഹിയെന്ന നിലയില്‍ യുദ്ധമെന്ന വിഷയത്തെ വിവിധ പശ്ചാത്തലങളിലും തലങളിലും ഷിഹാബ് കൈകാര്യം ചെയ്യുന്നു.

'യുദ്ധം വേദനയാണ്‌' എന്ന കവിതയില്‍ ഇതിഹാസത്തിന്റെ പശ്ചാത്തലത്തില്‍ വേദന മാത്രം സമ്മാനിക്കുന്ന മഹാശൂന്യതയിലേക്ക് മനുഷ്യകുലത്തെ നയിക്കുന്ന ഒന്നാണ്‌ യുദ്ധമെന്ന് സ്ഥാപിക്കുന്നു. 'നരകത്തിലേക്കുള്ള വഴി' യിലും സമാനമായ ചിന്തകളാണ്‌ കവി പങ്കുവയ്ക്കുന്നത്. അവിടെ ഒരഭിപ്രായം കൂടി രേഖപ്പെടുത്തുന്നുണ്ട്. യുദ്ധമില്ലാത്ത ഭൂമി സ്വര്‍ഗ്ഗസമാനമാണ്‌. യുദ്ധം അതിനെ നരകമാക്കുന്നു. ഈ അഭിപ്രായത്തെ മറ്റൊരു രീതിയില്‍ 'ഭരണകൂടം പോര്‍മുഖങളില്‍ തോറ്റോടുന്നത് പിന്നയല്ലേ' എന്ന കവിതയില്‍ അവതരിപ്പിക്കുന്നു. യുദ്ധം കൊണ്ടു വരുന്ന തിന്‍മകളാണ്‌ കവിതകളുടെ പശ്ചാത്തലം.

'പരിണാമം' എന്ന കവിതയില്‍ കാലാന്തരങളില്‍ യുദ്ധം വ്യക്തിനാശത്തില്‍ നിന്ന് സര്‍വ്വനാശത്തിന്റെ പ്രതീകമായി മാറിയതിനെക്കുറിച്ചാണ്‌ കവി സൂചിപ്പിക്കുന്നത്. "വിരുദ്ധശക്തികളുടെ അനുരഞ്ജനം തീരെയില്ലാത്ത സമീപനവും ആധുനിക ആയുധങളുടെ അളവറ്റ പ്രഹരശേഷിയും മനുഷ്യനെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു" എന്ന് വളരെക്കാലം മുമ്പ് ചിന്തകനായ ബര്‍ട്രന്‍സ് റസല്‍ പറഞതിന്റെ പൊരുള്‍ തന്നെയാണ്‌ ഷിഹാബിന്റെ കവിതയുടെ സാരം.

എല്ലാ മനുഷ്യസ്നേഹികളെയും പോലെ കവിയും നിരാശയില്‍ നിന്നും ദുഃഖത്തില്‍ നിന്നും ഉയരുന്ന നെടുവീര്‍പ്പിടുന്നു. യുക്തിസഹമല്ലാത്ത കാര്യങള്‍ സംഭവിക്കുമ്പോള്‍ ചിന്തയ്ക്കു പൂര്‍ണ്ണവിരാമമിടുന്നതു പോലെയോ അസ്വസ്ഥതയ്ക്ക് അടിവരയിടുന്നതു പോലെയോ ഒരു സാധാരണ ഭാരതീയന്‍ പ്രയോഗിക്കുന്ന ഒരു വാക്കാണ്‌ 'വിധി'. തലയിലെഴുത്ത്, ജാതകദോഷം എന്നൊക്കെ ചില വാക്കുകള്‍ പകരം വെക്കാറുമുണ്ട്. കവിയും അത്തരമൊരു ചിന്തയ്ക്ക് അടിമപ്പെടുന്നുണ്ട്. 'കൂടപ്പിറപ്പ്' എന്ന കവിതയില്‍ യുദ്ധം മനുഷ്യന്റെ കൂടപ്പിറപ്പ് എന്നാണ്‌ കവി പറയുന്നത്. ഇത് ഒരു പിന്തിരിപ്പന്‍ പ്രസ്താവനയായി കാണേണ്ടതില്ല. " എന്തിനു ഭാരതധരേ കരയുന്നു, പാരതന്ത്ര്യം നിനക്കു വിധി കല്പിതമാണു തായേ" എന്ന് മഹാകവി കുമാരനാശാന്‍ പണ്ട് പറഞത് ഇതുപോലെയൊരു സന്ദര്‍ഭത്തിലാണ്‌.

'യുദ്ധം കൊടും രാഷ്ട്രീയമാണ്‌', 'യുദ്ധാനന്തരം' എന്നീ കവിതകളില്‍ അവസാനിക്കാനിടയില്ലാത്ത യുദ്ധമെന്ന വിപത്തിന്റെ അടിവേരുകളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഒപ്പം ആത്മഗതമെന്ന നിലയിലാണെങ്കിലും 'യുദ്ധത്തിന്റെ ജാതകമെപ്പോഴും യുദ്ധം നടത്തുന്നവരെ വേട്ടയാടിക്കൊണ്ടിരിക്കുമ്" എന്ന് മറ്റൊരു കവിതയില്‍ സൂചിപ്പിക്കുന്നുണ്ട്.

സാമാന്യബോധമുള്ള ഏതൊരു കവിയും ചെയ്യുന്നതുപോലെ ഒരുദ്ബോധനമാണ്‌ 'തിറ്റിച്ചറിവിലേക്കു തിരിച്ചു വരിക' യെന്ന കവിതയില്‍. ഒരുദ്ബോധനം ജയം നിണമൊഴുക്കി നേടാമെന്നു കരുതിയവരോടാണ്‌.

യുദ്ധം വേദനയെന്ന വികാരത്തിലൂടെ ഷിഹാബിന്റെ കവിമനസ്സിനെ നിരന്തരമായി പ്രചോദിപ്പിച്ചതിന്റെ ഫലമായി പല സന്ദര്‍ഭങളിലായി പുറത്ത് വന്ന കവിതകളാണ്‌ 'ഇരിക്കുന്ന കൊമ്പല്ലേ മുറിയുന്നത്' എന്ന കവിതാസമാഹാരത്തില്‍. കവിയുടെ ആശങ്ക വെളിപ്പെടുത്തുന്ന ഒരു കവിതയുടെ തലക്കെട്ടില്‍ നിന്നാണ്‌ സമാഹാരത്തിനുള്ള പേരും രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു വിഷയത്തിന്റെ വ്യത്യസ്ത ഘടകങളിന്‍മേല്‍ പല സമയത്തായി എഴുതിയ കവിതകളാണ്‌ സമാഹരിച്ചിരിക്കുന്നത്. എന്നാല്‍ കവിതകള്‍ക്കു ശൈലീഭേദമൊന്നും കാണുന്നില്ല. നാശത്തിന്റെ പ്രതീകമായ യുദ്ധം കവിമനസ്സില്‍ ഒരു നീറ്റല്‍ സൃഷ്ടിച്ചുകൊണ്ട് നിലനില്‍ക്കുന്നു. കവി തന്നെ നിരീക്ഷിക്കുന്നതുപോലെ യുദ്ധം ഒരിക്കലും അവസാനിക്കുന്നില്ല. വേദനയും ഒരിക്കലും അവസാനിക്കുന്നില്ല.

Thursday, October 13, 2011

വോട്ടെടുപ്പ് കഴിഞപ്പോള്‍


ഗാലക്സികള്‍ അകന്നു പൊയ്കൊണ്ടിരിക്കുന്നു.
ചിന്തകളില്‍ സൂക്ഷിച്ച വിഗ്രഹങള്‍
പരസ്പരം തട്ടി ഉടഞുപോകുന്നു.

തിഹാര്‍ ജയിലില്‍ കൂട്ടനിലവിളിയും
കെട്ടിപ്പിടിച്ചു കരച്ചിലും
സിംഗൂരില്‍ ഒഴുകിയ കണ്ണീര്‍
വിദര്‍ഭയിലും, രായലസീമയിലും മുതലകണ്ണീര്‍.

"കേരളം ഭ്രാന്താലയം"
മഹദ്വചനത്തിന്‌ വീണ്ടും അടിവര
പുകള്‍പെറ്റ ഇന്ത്യയുടെ പുത്രസ്നേഹം
ഉയര്‍ത്തി പിടിച്ച് കടപ്പ.

കാറ്റുവിതച്ചവര്‍ കൊടുങ്കാറ്റുകൊയ്തിരിക്കുന്നു.
നാം സൃഷ്ടിക്കുന്ന ശൂന്യതകളില്‍
അവര്‍ വിത്തിറക്കുന്നു.

ഇന്ത്യന്‍ കര്‍ഷകന്‍ കരഞുകൊണ്ടേയിരിക്കും
ആനയുടെ വലിപ്പം, ആനയറിയില്ലല്ലൊ?

പണിയെടുത്തു പട്ടിണികിടക്കുന്നവന്‍
തോല്‍ക്കുംതോറും തോല്‍പ്പിക്കപ്പെട്ടവന്‍
വോട്ട് രേഖപ്പെടുത്താന്‍ ക്യൂ നിന്നവന്റെ വില ഇരുപത് രൂപ
അവന്റെ എണ്ണം എണ്‍പത്തി എട്ട് കോടി


ബി.ഷിഹാബ്

Thursday, September 29, 2011

കാക്കയുടെ വീട്


കാക്കയൊരു വീട് വയ്ക്കാന്‍
മുന്നിലൊരുവഴിയും തെളിയാതെ മിഴിച്ചിരുന്നു
പാവം തളര്‍ന്നിരുന്നു!

ഉയരത്തിലൊരുമരമന്വേഷിച്ചു നടന്നു.
തറയില്‍ പറന്നിരുന്നു കരഞു.

പശുവിന്റെ മുതുകിലും
മണ്‍കലത്തിന്റെ വക്കിലും
മാറിമാറിയിരുന്നു വലഞു.

ഫലവൃക്ഷങളന്വേഷിച്ചു നടന്നു
പലവട്ടം പറന്നു തളര്‍ന്നു

ചുള്ളിക്കമ്പുകള്‍, കമ്പിതുണ്ടുകള്‍
ചകിരിതോലുകള്‍
ഒക്കെ തേടിനടന്നു
നിരാശയില്‍ വീണു.

മരമന്വേഷിച്ചുനടന്നവസാനം
കറണ്ടു തൂണില്‍ കയറിയിരുന്നു.

ചുള്ളിയെടുക്കാന്‍ കൊത്തിയ മണലില്‍
വെള്ളിപോയൊരു ചുണ്ടും കൊണ്ട് പറക്കെ
ചിന്തിച്ചേ പോയ് പാവം കാക്ക
ഇനിയെങനെ തിന്നും
പൊള്ളിയ ചുണ്ടാല്‍ബി.ഷിഹാബ്

Tuesday, September 6, 2011

ദുരഭിമാനഹത്യ

പെങള്‍ ചെറുവിരല്‍ പിടിച്ചു, തൂങി നടന്നവള്‍
ചെറുചെറു പരിഭവങള്‍
ചെറുതിലെ പങ്കുവച്ചവള്‍
നിന്റെ ബലിഷ്ഠമാം കൈയ്യുകളില്‍
സുരക്ഷിതയായിരിക്കേണ്ടവള്‍,

പെങളെ കൊന്ന നരാധമാ,
പെങള്‍ക്ക് മേലെയൊരഭിമാനമോ?
പെങള്‍ തന്നെയല്ലെ വലിയയഭിമാനം?

പുരോഗതിയുടെ നാള്‍വഴികളില്‍
കല്ലായും, മുള്ളായും, കരിനാഗമായും
കിടക്കുന്ന ജാതി
നിനക്കെങനെയഭിമാനമായ്?

ഇതുഭ്രാന്താലയം കേരളത്തില്‍ വന്നന്നു
നരേന്ദ്രനോര്‍മ്മിപ്പിച്ചതോര്‍മ്മയില്ലെ?

ലോകാന്തരപംക്തികളില്‍
ഭാരതമുയിര്‍ത്തെഴുന്നേല്‍ക്കുമീ നാളില്‍
ലോകം മഹാവിസ്ഫോടനത്തിന്റെ
പൊരുളറിയാന്‍ പണിപ്പെടുമീവേളയില്‍

ശിവഗിരികുന്നില്‍ കേട്ട് ഗര്‍ജ്ജനം
പ്രതിധ്വനിക്കുന്ന നാട്ടില്‍
ഇനിയും ജാതിയൊ?

താഴുക ശിരസ്സേ!
ലജ്ജിക്കുക മനസ്സേ!!


ബി.ഷിഹാബ്

Wednesday, August 10, 2011

ബാപ്പു


പര്‍വ്വതങളില്‍ സമാനതകളില്ലാതെ ഹിമവാന്‍
രാഷ്ട്രീയക്കാരില്‍ പകരക്കാരനില്ലാതെ ബാപ്പു
പാതിമുണ്ടിന്റെ പ്രൌഡിയില്‍
കൊച്ചുവടിയുടെ താങില്‍
ചരിത്രത്തിന്റെ നാള്‍വഴികള്‍
രണ്ടടി കൊണ്ടളന്നെടുത്തവന്‍
ആ സത്യാന്വേഷണ പരീക്ഷകളില്‍
നീതിബോധത്തിന്റെ വജ്രകാഠിന്യം
സൂര്യാസ്തമനം കാണാത്തവന്റെ ഹുങ്ക്
ആ മെതിയടിയ്ക്കിടയില്‍ പിടഞു
നിത്യവിശ്രമത്തിന്റെ രാജ്ഘട്ടിലും
നേരിന്റെ രാഷ്ട്രീയ നഭോ മണ്ഡലങളില്‍
ആയിരം സൂര്യചന്ദ്രന്മാരെ സൃഷ്ടിച്ചവന്‍
വര്‍ഗ്ഗീയഘോരവിപത്തിനെ
നെഞ്ച് നല്‍കി തടഞവന്‍
നിസ്സഹകരണത്തിന്റെ മഹാശക്തി
ഇന്ത്യന്‍മനസ്സുകളില്‍ കെട്ടഴിച്ചു വിട്ടവന്‍
ജീവിതം കൊണ്ട്
സന്ദേശങള്‍ പകര്‍ന്നവന്‍
സത്യവുമഹിംസയും രണ്ടേ രണ്ടു കരുക്കളില്‍
കറുത്ത കരുക്കളെ അനായാസം വെന്നവന്‍
ഉപ്പിന്റെ രാഷ്ട്രീയത്തില്‍
ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ വെടിയുപ്പ്
വേര്‍തിരിച്ചെടുത്തവന്‍
വലിയ പോരാട്ടങള്‍ക്ക് അഹിംസയുടെ
കാരുണ്യ വര്‍ഷങളില്‍
മനുഷ്യ രുധിരം വേണ്ടെന്ന് കണ്ടെത്തിയവന്‍
പങ്കുവയ്ക്കുന്ന അര്‍ദ്ധരാത്രിയില്‍
അധികാരമുപേക്ഷിച്ചു പോയ വിപ്ലവകാരി
വാക്കുകളില്‍ തെളിഞ സ്നേഹത്തിന്റെ മധുരം
ചക്രവാളങളില്‍ പ്രതിധ്വനിയ്ക്കുന്നിന്നും
നദികളില്‍ പവിത്രയായ് ഗംഗ
രാഷ്ട്രീയ ഹൃദയഭൂമികളില്‍ ഉഷ്ണപ്രവാഹമായ് ബാപ്പു
ബാപ്പു നമുക്കിന്നു വെറുംഗാന്ധി
മുറ്റത്തെ മുല്ലയ്ക്ക് മണമില്ലല്ലൊ?
ചില സര്‍ക്കാര്‍ നടപടികളില്‍ മാത്രം ചുരുങി
മനസ്സുകളില്‍ കലഹിച്ചിറങി പോയി ബാപ്പു
ഓട്ട പന്തയങളില്‍ നീര്‍ച്ചാലുകള്‍ക്ക് മുന്നില്‍ പകച്ച
മുയല്‍ ഒരാമ സാമീപ്യം കൊതിക്കവെ
പരസ്സ്യപ്പലകയില്‍ ഗാന്ധി സൂക്തം കാണു.


ബി.ഷിഹാബ്

Friday, July 1, 2011

ഏപ്രില്‍

എന്റെ പ്രിയസ്വപ്നത്തിനു
നീ വിധിച്ചതു വിരാമമോ?
വിടരും ചിന്തകള്‍ക്ക് വിലങോ?
വിഷുകൈനീട്ടമായ് നീ എനിക്കേകിയതു
വിഷാദചുഴികളോ?
ഈസ്റ്റര്‍ സമ്മനമായ് കൊണ്ടുവന്നത്
യൂദായുടെ സമ്പാദ്യമോ?
നിന്റെ റംസാന്‍ വസ്ത്രങളില്‍
പലിശപ്പണത്തിന്റെ ഗന്ധമോ?
ഏപ്രില്‍
കരിംപൂച്ചപോല്‍, കാലൊച്ച കേള്‍പ്പിക്കാതെ
കറുത്ത മേലങ്കിയും ധരിച്ചു നീ
കണ്ണീര്‍ പൂക്കളുമായ് വന്നു.
എന്റെ പ്രിയമോഹങളുടെ കഴുത്തു ഞെരിക്കുവാന്‍
ഒരു ഭീമസേനന്റെ
കൈകരുത്തുമായ്
വഴിവിളക്കിലൊന്നിനെ
ഊതിക്കെടുത്തി.
മനസ്സിലെ പ്രണങളെ മാന്തിപൊളിച്ചു.
ഏപ്രില്‍
നിന്റെ പ്രഭാതങള്‍ക്ക്
ചുവന്നു കലങിയ കണ്ണുകളായിരുന്നു.
പൌര്‍ണ്ണമികള്‍ക്ക്
വെളുത്തു വിളറിയ മുഖമായിരുന്നു.
മാര്‍ച്ചിന്റെ ക്രൂരതയും
മേമയുടെ ചരിത്രവും നിനക്കില്ല;
എങ്കിലും സ്വപ്നങളൊരേപ്രിലിന്റെ
പരിധിയ്ക്കുമപ്പുറത്താണ്‌
ഏപ്രിലൊരു ഫൂളല്ല, മിഥ്യയല്ല
ഏപ്രിലൊരു സത്യം,
വര്ഷമേഘങള്‍ പെയ്തടങുമ്പോള്‍
ഒരു നിത്യസത്യം
വര്‍ഷങള്‍ കൊഴിഞു പോകുമ്പോള്‍


ബി.ഷിഹാബ്

Monday, June 13, 2011

ഒരനുസ്മരണം


ഗുലാബ്
ഗുലാബ് അന്തരിച്ചു
110 വയസ്സായിരുന്നു.
രാഷ്ട്രീയത്തിലുണ്ടായിരുന്നു, രാഷ്ട്രീയപാര്‍ട്ടികളിലില്ലായിരുന്നു.
തെരുവിലെ ചോരയില്‍ വേദനിച്ചിരുന്നു.
ഒളിവിലും, തടവിലും ചോരയ്ക്കെതിരെ പ്രബന്ധങള്‍
പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കഥകള്‍ ഏഴുകടലും താണ്ടി പുകള്‍പെറ്റു
പ്രബന്ധങളില്‍ ദീര്‍ഘദര്‍ശനം ചെയ്ത പോലെ
ഭരണകൂടങള്‍ കൊഴിഞുപോയി
ഭരണകൂടങള്‍ ഒലിച്ചു പോയിടത്ത് അരാജകത്വം
കൊടിയേറി, ഭരണകൂടങള്‍ തകര്‍ത്തവരെ ഗുലാബ്
തിരിച്ചറിഞിരുന്നു.
പലപ്രാവശ്യം യുദ്ധം ഉണ്ടായി
യുദ്ധമുണ്ടായിടത്തെല്ലാം ക്ഷാമവുമുണ്ടായി
മരിച്ചവര്‍, മുറിവേറ്റവര്‍, വീട് നഷ്ടപ്പെട്ടവര്‍
വീടും നാടുമുപേക്ഷിച്ചോടേണ്ടി വന്നവര്‍
യുദ്ധം സമ്മാനിച്ച ദുരന്തങള്‍
എണ്ണമറ്റതായിരുന്നു.
ഗുലാബിന്
ദേഷ്യം അടക്കാനായില്ല.
ഭരണകൂടങള്‍ തകര്‍ക്കാന്‍ കൂട്ടുനിന്നവരുടെ
മുഖത്തു നോക്കി ഗുലാബ് പൊട്ടിത്തെറിച്ചു.
ഗുലാബ് രാജ്യസ്നേഹിയായിരുന്നു.
എന്തിനേക്കാളും ഉയരത്തില്‍ !!


ബി.ഷിഹാബ്

Sunday, May 29, 2011

മുരിങ്ങയില


തണ്ടില്‍ നിന്നൂരി മുറത്തിലിടുമ്പോള്‍
നീയെന്നെ കൊള്ളുകയാണെങ്കിലും
എന്റെ വേദന ഞാന്‍ സഹിച്ചു കൊള്ളാം
എന്റെ സ്വത്വം നീ തിരിച്ചരിഞ്ഞുവല്ലോ ?
നിന്റെ കട്ടി കൂടിയ രക്തത്തെ
അധികം മിടിക്കുന്ന ഹൃദയത്തെ
പ്രവര്‍ത്തിക്കാത്ത പാന്ക്രിയാസ്സിനെ
സുഖപെടുത്താന്‍ എന്റെ സിദ്ധികള്‍
തുയ്ക്കുമെങ്കില്‍
എന്റെ വേദന ഞാന്‍ മറക്കാം
എന്റെ ജീവന്‍തന്നും നിന്നെ കാക്കാം
വറചട്ടിയിലിട്ടു വറുക്കുമ്പോള്‍
എന്റെ സിദ്ധികള്‍ പോകാതെ നോക്കണേ
എന്റെ പേരിനും പെരുമയ്ക്കും
നിന്റെ ജീവന്റെ നിലനില്‍പ്പിനും
വറചട്ടിയിലിട്ടു വറുക്കുമ്പോള്‍ സൂക്ഷിക്കണേ !
നിന്റെ കൈ പൊള്ളാതെ നോക്കണേ .........!


Monday, May 9, 2011

ബാപ്പ

സാന്ത്വനസ്പര്‍ശമായ് നില്‍ക്കും ബാപ്പ
കൂരയില്‍ നിത്യ ശൂന്യത കുടി വച്ച്
തിരിച്ചു വരാത്ത യാത്ര പോയിട്ട്
ഓര്‍മ്മയില്‍ പതിറ്റാണ്ടിന്റെ പെരുക്കം.

എങ്കിലുമിന്നൊരു കൊതി
ബാപ്പയെയൊന്നു കണ്ടെങ്കില്‍
സമയ ദൂരത്തിന്റെ വ്യാപ്തി ഒരു നാള്‍ എന്നെയും
കടന്ന് തിരിഞു നോക്കാതെ പോകും.
ഒന്നോര്‍ത്താല്‍ നാമേവരുമാവഴിയ്ക്കുള്ള യാത്രയില്‍.

ഏതോ കയ്യില്‍ സുരക്ഷിതനെങ്കിലും
സര്‍വ്വചരാചരങളും യാത്രയില്‍
എനിക്കൊപ്പം നടക്കുന്നുവെങ്കിലും
ഒറ്റയ്ക്കെന്ന മിഥ്യാബോധം ഞടുക്കുന്നിടയ്ക്കിടെ.

പിന്‍വിളികള്‍ നൂറ് നൂറുണ്ടെങ്കിലും
തിരിഞു നില്‍ക്കുവാനാര്‍ക്കുമാവില്ലല്ലൊ?
യാത്രയിലിപ്പോള്‍
കൂടെ കൂടിയ ശ്വാവും
ഞാനും മാത്രം.

ഇനി ഒരിക്കലും കാണില്ലെന്നും;
ഒന്നു കണ്ടെങ്കിലെന്നും മനസ്സ്.

നിത്യതയുണ്ടോ?
നിത്യതയില്‍ കാണുമോ?
സമയ സ്ഥല ബോധം
മനസ്സില്‍ ഉറച്ചതില്‍ പിന്നെ
സനാതനചിന്തകള്‍
ജ്വലിച്ചതില്‍ പിന്നെ
സാന്ത്വനിപ്പിക്കുന്നു നിത്യതാബോധം.

ഖിയ്യാമം നാളുണ്ടോ?
മൌത്തില്‍ മലക്ക് അസ്രായില്‍
സൂറെന്ന കാഹളത്തില്‍
ഊതുന്ന നാള്‍ വരെ
കാത്തിരിയ്ക്കാം ഞാന്‍

പുതിയ ജന്മങളുണ്ടോ?
വര്‍ണ്ണലതകളില്‍
'സല്‍പുഷ്പ"ങളായ്
സരോവരങളില്‍
വര്‍ണ്ണമരാളങളായ്
പുതിയ ജന്മങളില്‍
ഒരുമിച്ച് പിറവി ഉണ്ടാകുമോ?

ജ്ഞാനതീരത്തെത്താത്തൊരു
തീര്‍ത്ഥാടകന്‍ ഞാന്‍
ഒന്നിനുമൊരു രൂപവുമില്ല
ചിന്തകള്‍
കൂട്ടിമുട്ടാതെ
സ്വപ്നങള്‍ സ്വപ്നങളായ്.ബി.ഷിഹാബ്

Wednesday, April 20, 2011

കൊറ്റികള്‍ പാറി വരുന്നു

സ്ലംഡോഗ് മില്ല്യന്‍സിന്റെ
നെടുവിശ്വാസങള്‍ക്ക് നടുവില്‍
നാലായിരം കോടിയുടെ രമ്യഹര്‍മ്യം പടിഞാറ്
ഉടഞുപോയത് മുഗള്‍ സാമ്രാട്ടിന്റെ അഹങ്കാര ഗോപുരം.

നിരക്ഷരകോടികള്‍ക്കിടയിലെ മഹാശൂന്യതയില്‍
മനുഷ്യനെ കൊല്ലുന്നത്‌ വിപ്ലവമെന്ന്
നവ വിപ്ലവകാരികള്‍ കിഴക്ക്
തടവിലോ യഥാര്‍ഥ വിപ്ലവം.

ആത്മീയതയില്‍ ചോരചാലുകള്‍ കീറി
തീവ്രവാദികള്‍ വടക്ക്
മരുപച്ചപോലെ സമാധാനം.

ആത്മഹത്യാമുനമ്പില്‍ കര്‍ഷക കോടികള്‍
വിരുദ്ധ ധ്രുവങള്‍ പോലെ
വികര്‍ഷിക്കാന്‍ നില്‍ക്കുന്ന
രായലസീമയും, തെലുങ്കാനയും തെക്ക്
വിദൂര സ്വപ്നമായ് ഐക്യം.

അന്തര്‍ നേത്രങളില്‍ ഇരുട്ടു പടരുമ്പോള്‍
വിളവെടുക്കുന്നത് ചെകുത്താനെങ്കിലും
ഇന്ത്യേ നിന്റെ
തൊണ്ടയില്‍ കുരുങിയ മീന്‍ മുള്ളുകള്‍
കൊത്തിപെറുക്കുവാന്‍
വെള്ളകൊറ്റികള്‍ പാറിവരുന്നത് കണ്ടുവോ?ബി.ഷിഹാബ്