Saturday, November 26, 2011

ഭീതി

കൊടും വിഷമുള്ള പാമ്പ്
കണ്ടാലാരും പേടിച്ചു പോകും
തലയില്‍ അടയാളമുണ്ട്
അടിഭാഗം വെളുത്തിട്ട്
പുറംതോടോ, കടുകറുപ്പ്?
ചിതമ്പലുകള്‍ക്ക് വ്യക്തതയുണ്ട്!

ഒരു ബാലനതിനെ തലക്കടിച്ചുകൊന്നു?
കൂറ്റന്‍ ചോരയില്‍ കുളിച്ചു കിടന്നു!

കൂടി നിന്നവരാരോ വാലില്‍
തൂക്കിയെടുക്കവെ
പാമ്പിന്റെ പല്ലുകള്‍
ദേഹത്തു കൊണ്ടെനിക്കു മുറിഞുവോ?
മുറിവില്‍ വിഷം പുരണ്ടുവോ?
പെട്ടെന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നു.
ജന്മാന്തരങളായ് ഞാന്‍
കൊണ്ട് നടക്കുന്ന ദുര്‍ഭൂതം
മനസ്സില്‍ മായാതെ കിടക്കുന്നിപ്പൊഴും.


ബി.ഷിഹാബ്

Wednesday, November 9, 2011

ഷിഹാബിന്റെ യുദ്ധകവിതകള്‍

-സുഭാഷ് വലവൂര്‍
എക്കാലത്തും കവികളെ പ്രചോദിപ്പിച്ചിട്ടുള്ള വിഷയമാണ്‌ 'യുദ്ധം'. പ്രാമാണിക കാലഘട്ടത്തില്‍ വീരഗാഥകളായിട്ടാണെങ്കില്‍ ലോകമഹായുദ്ധങള്‍ക്കുശേഷം വിലാപത്തിന്റെയും താക്കീതിന്റെയും സ്വത്വനഷ്ടത്തിന്റെയും അസ്തിത്വ ദുഃഖത്തിന്റെയും ഗാഥകളായി. 'ഇരിക്കുന്ന കൊമ്പല്ലേ മുറിയുന്നത്' എന്ന കവിതാസമാഹാരത്തിലൂടെ സ്വന്തമായ രാഷ്ട്രീയമുള്ള ഒരു മനുഷ്യസ്നേഹിയെന്ന നിലയില്‍ യുദ്ധമെന്ന വിഷയത്തെ വിവിധ പശ്ചാത്തലങളിലും തലങളിലും ഷിഹാബ് കൈകാര്യം ചെയ്യുന്നു.

'യുദ്ധം വേദനയാണ്‌' എന്ന കവിതയില്‍ ഇതിഹാസത്തിന്റെ പശ്ചാത്തലത്തില്‍ വേദന മാത്രം സമ്മാനിക്കുന്ന മഹാശൂന്യതയിലേക്ക് മനുഷ്യകുലത്തെ നയിക്കുന്ന ഒന്നാണ്‌ യുദ്ധമെന്ന് സ്ഥാപിക്കുന്നു. 'നരകത്തിലേക്കുള്ള വഴി' യിലും സമാനമായ ചിന്തകളാണ്‌ കവി പങ്കുവയ്ക്കുന്നത്. അവിടെ ഒരഭിപ്രായം കൂടി രേഖപ്പെടുത്തുന്നുണ്ട്. യുദ്ധമില്ലാത്ത ഭൂമി സ്വര്‍ഗ്ഗസമാനമാണ്‌. യുദ്ധം അതിനെ നരകമാക്കുന്നു. ഈ അഭിപ്രായത്തെ മറ്റൊരു രീതിയില്‍ 'ഭരണകൂടം പോര്‍മുഖങളില്‍ തോറ്റോടുന്നത് പിന്നയല്ലേ' എന്ന കവിതയില്‍ അവതരിപ്പിക്കുന്നു. യുദ്ധം കൊണ്ടു വരുന്ന തിന്‍മകളാണ്‌ കവിതകളുടെ പശ്ചാത്തലം.

'പരിണാമം' എന്ന കവിതയില്‍ കാലാന്തരങളില്‍ യുദ്ധം വ്യക്തിനാശത്തില്‍ നിന്ന് സര്‍വ്വനാശത്തിന്റെ പ്രതീകമായി മാറിയതിനെക്കുറിച്ചാണ്‌ കവി സൂചിപ്പിക്കുന്നത്. "വിരുദ്ധശക്തികളുടെ അനുരഞ്ജനം തീരെയില്ലാത്ത സമീപനവും ആധുനിക ആയുധങളുടെ അളവറ്റ പ്രഹരശേഷിയും മനുഷ്യനെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നു" എന്ന് വളരെക്കാലം മുമ്പ് ചിന്തകനായ ബര്‍ട്രന്‍സ് റസല്‍ പറഞതിന്റെ പൊരുള്‍ തന്നെയാണ്‌ ഷിഹാബിന്റെ കവിതയുടെ സാരം.

എല്ലാ മനുഷ്യസ്നേഹികളെയും പോലെ കവിയും നിരാശയില്‍ നിന്നും ദുഃഖത്തില്‍ നിന്നും ഉയരുന്ന നെടുവീര്‍പ്പിടുന്നു. യുക്തിസഹമല്ലാത്ത കാര്യങള്‍ സംഭവിക്കുമ്പോള്‍ ചിന്തയ്ക്കു പൂര്‍ണ്ണവിരാമമിടുന്നതു പോലെയോ അസ്വസ്ഥതയ്ക്ക് അടിവരയിടുന്നതു പോലെയോ ഒരു സാധാരണ ഭാരതീയന്‍ പ്രയോഗിക്കുന്ന ഒരു വാക്കാണ്‌ 'വിധി'. തലയിലെഴുത്ത്, ജാതകദോഷം എന്നൊക്കെ ചില വാക്കുകള്‍ പകരം വെക്കാറുമുണ്ട്. കവിയും അത്തരമൊരു ചിന്തയ്ക്ക് അടിമപ്പെടുന്നുണ്ട്. 'കൂടപ്പിറപ്പ്' എന്ന കവിതയില്‍ യുദ്ധം മനുഷ്യന്റെ കൂടപ്പിറപ്പ് എന്നാണ്‌ കവി പറയുന്നത്. ഇത് ഒരു പിന്തിരിപ്പന്‍ പ്രസ്താവനയായി കാണേണ്ടതില്ല. " എന്തിനു ഭാരതധരേ കരയുന്നു, പാരതന്ത്ര്യം നിനക്കു വിധി കല്പിതമാണു തായേ" എന്ന് മഹാകവി കുമാരനാശാന്‍ പണ്ട് പറഞത് ഇതുപോലെയൊരു സന്ദര്‍ഭത്തിലാണ്‌.

'യുദ്ധം കൊടും രാഷ്ട്രീയമാണ്‌', 'യുദ്ധാനന്തരം' എന്നീ കവിതകളില്‍ അവസാനിക്കാനിടയില്ലാത്ത യുദ്ധമെന്ന വിപത്തിന്റെ അടിവേരുകളിലേക്ക് ശ്രദ്ധ തിരിക്കുന്നു. ഒപ്പം ആത്മഗതമെന്ന നിലയിലാണെങ്കിലും 'യുദ്ധത്തിന്റെ ജാതകമെപ്പോഴും യുദ്ധം നടത്തുന്നവരെ വേട്ടയാടിക്കൊണ്ടിരിക്കുമ്" എന്ന് മറ്റൊരു കവിതയില്‍ സൂചിപ്പിക്കുന്നുണ്ട്.

സാമാന്യബോധമുള്ള ഏതൊരു കവിയും ചെയ്യുന്നതുപോലെ ഒരുദ്ബോധനമാണ്‌ 'തിറ്റിച്ചറിവിലേക്കു തിരിച്ചു വരിക' യെന്ന കവിതയില്‍. ഒരുദ്ബോധനം ജയം നിണമൊഴുക്കി നേടാമെന്നു കരുതിയവരോടാണ്‌.

യുദ്ധം വേദനയെന്ന വികാരത്തിലൂടെ ഷിഹാബിന്റെ കവിമനസ്സിനെ നിരന്തരമായി പ്രചോദിപ്പിച്ചതിന്റെ ഫലമായി പല സന്ദര്‍ഭങളിലായി പുറത്ത് വന്ന കവിതകളാണ്‌ 'ഇരിക്കുന്ന കൊമ്പല്ലേ മുറിയുന്നത്' എന്ന കവിതാസമാഹാരത്തില്‍. കവിയുടെ ആശങ്ക വെളിപ്പെടുത്തുന്ന ഒരു കവിതയുടെ തലക്കെട്ടില്‍ നിന്നാണ്‌ സമാഹാരത്തിനുള്ള പേരും രൂപപ്പെടുത്തിയിരിക്കുന്നത്. ഒരു വിഷയത്തിന്റെ വ്യത്യസ്ത ഘടകങളിന്‍മേല്‍ പല സമയത്തായി എഴുതിയ കവിതകളാണ്‌ സമാഹരിച്ചിരിക്കുന്നത്. എന്നാല്‍ കവിതകള്‍ക്കു ശൈലീഭേദമൊന്നും കാണുന്നില്ല. നാശത്തിന്റെ പ്രതീകമായ യുദ്ധം കവിമനസ്സില്‍ ഒരു നീറ്റല്‍ സൃഷ്ടിച്ചുകൊണ്ട് നിലനില്‍ക്കുന്നു. കവി തന്നെ നിരീക്ഷിക്കുന്നതുപോലെ യുദ്ധം ഒരിക്കലും അവസാനിക്കുന്നില്ല. വേദനയും ഒരിക്കലും അവസാനിക്കുന്നില്ല.