Wednesday, April 3, 2013

മരത്തിന്റെ കഥ

ഞങ്ങളുടെ പുരയിടത്തിലൊരു
വന്‍മരം ജീവിച്ചു
കാലവര്‍ഷം വരുമ്പോള്‍
പ്രകൃതിക്ഷോഭത്തില്‍പ്പെട്ട്
പഴുത്ത ഇലകളോടൊപ്പം
പച്ച ഇലകളും
തളിരിലകളും കൊഴിഞ്ഞു!
ചിലപ്പോള്‍ കൂട്ടത്തില്‍
ചില്ലകളൊടിഞ്ഞു!
ചിലപ്പോള്‍
വന്‍ ശിഖരങ്ങളൊടിഞ്ഞു.
ഒരു ദിവസം കൊടുങ്കാറ്റില്‍
വന്‍മരം കടപുഴകി കിടന്നു.
കടപുഴകിയ മരത്തില്‍ നിന്നും
കിളികളും കുടുംബവുമൊരു
ഞെട്ടലിനൊടുവില്‍
അടുത്ത മരത്തിലേക്ക് ചേക്കേറി
ഉറുമ്പും കുടുംബവും
മരത്തിനുചുറ്റും തേരാപാരാ നടന്നു.
തേന്‍കുടം നിറഞ്ഞു തുളുമ്പീടവെ തേനീച്ചകള്‍
ഭരണകൂട സുരക്ഷയ്ക്കായ്
രാജ്ഞിക്കു ചുറ്റും മൂളിപ്പറന്നു !
വടിയും, വാളും,
കയറും, കഴുകന്റെ കണ്ണുമായ്
രണ്ട് മൂന്ന് പേര്‍
മരത്തിനരികില്‍
വന്നു ചേര്‍ന്നു.
ഒരു മഹാശൂന്യത
മനസ്സില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി.


ബി.ഷിഹാബ്

Wednesday, January 2, 2013

രാജശില്പി

നീ പ്രേമശില്പിയാണ്‌
പ്രേമശില്പികളില്‍ രാജശില്പിയാണ്‌
നിന്‍പ്രേമസാഗരതീരങ്ങളില്‍
രാജഹംസങ്ങളെ
പഞ്ചാര മണല്‍ത്തടങ്ങളെ
പാലമൃതൂട്ടുന്ന പൌര്‍ണ്ണമികളെ
പച്ചിലക്കാടുകളെ
പാടുന്ന
പുഴകളെ
നീ രചിക്കുന്നു
പകര്‍ത്തുന്നു
പകര്‍ന്നു കൊടുക്കുന്നു
വാര്‍ത്തെടുക്കുന്നു
വച്ചു സൂക്ഷിക്കുന്നു
വലിച്ചെറിഞ്ഞുടയ്ക്കുന്നു
എന്നിരുന്നാലും
നിന്‍ പ്രേമസാഗരതീരങ്ങളില്‍
പ്രേമം വിളമ്പി
തിരിച്ചു വരാത്ത യാത്ര പോയ
പ്രിയരെയോര്‍ക്കുമ്പോള്‍
കണ്ണു നനയുന്നു
കരള്‍ പിടയുന്നു
എങ്കിലും നീ പ്രേമശില്പികളില്‍
രാജശില്പിയാണ്‌.



ബി.ഷിഹാബ്

Friday, November 30, 2012

ഒരു പ്രഭാതത്തില്‍

പറമ്പ് വേനല്‍ചൂടില്‍
ഞെരിപിരി കൊണ്ട്
മഞ്ഞളിച്ച് കിടന്നു.

കരിയിലകള്‍ കാശിയ്ക്കുപോകാന്‍
മണ്ണാംങ്കട്ടയെ കാത്തുക്കിടന്നു.

മാമ്പൂ അകാലത്തില്‍ കരിഞ്ഞു കൊഴിഞ്ഞു
തുമ്പിയെപ്പറ്റി കേട്ടിട്ടില്ലാത്ത കുട്ടികള്‍
കാര്‍ട്ടൂണ്‍ പരമ്പര കണ്ടു.
എലിയെയും, പൂച്ചയെയും
പരമ്പരയില്‍ പരിചയപ്പെട്ടു.
കിളിത്തട്ട് കളി
കമ്പ്യൂട്ടറിലേയ്ക്ക് മാറി
വീട്ടമ്മ കുട്ടികളുമായ്
നിസ്സാരക്കാര്യങ്ങള്‍ക്ക് കലഹിച്ചു.
ശോശിച്ച ഒരു വവ്വാല്‍
വൈദ്യുതക്കമ്പിയില്‍ തൂങ്ങി ചത്തു.
വണ്ടികിട്ടാതെ ഗൃഹനാഥന്‍
കവലയില്‍ കാത്തുനിന്നു.
ഉച്ചയായാല്‍ എല്ലാം മാറിയേക്കാം.
ഇപ്പോള്‍ ഇവിടെ ഇങ്ങനെയാണ്‌.
നാളെ എന്തായിരിക്കാം
ഇന്നലെ ഇങ്ങനെയൊന്നുമായിരുന്നില്ലല്ലൊ

ബി.ഷിഹാബ്

Wednesday, October 31, 2012

മാമ്പഴക്കാലം

പഴുത്തവ
പഴുക്കാന്‍ തുടങ്ങുന്നവ
പഴുത്തു കനിഞ്ഞവ
പഴുത്തു തൊഴിഞ്ഞവ
ഇനിയും പഴുക്കാനുള്ളവ
മാമ്പഴം എവിടെയും മാമ്പഴം തന്നെ.
കാക്കയും
അണ്ണാറക്കണ്ണനും
ഉത്സാഹതിമിര്‍പ്പിലാണ്‌
കുയിലിന്റെ
സംഗീതസദസ്സാണ്‌ മാങ്കൊപ്പില്‍
കാറ്റുവന്നാല്‍, മുളങ്കാടും
കുയിലിനോട് കൂട്ട്ചേരും
പെട്ടെന്നുവന്ന കാറ്റും,
ചന്നംപിന്നും, ചാറ്റല്‍ മഴയും
ചാരത്തുനിന്ന കുട്ടികളെ
സാകൂതം തലോടി
സന്തോഷം കൊണ്ട് തിമിര്‍ത്താടി
മാമ്പഴം പെറുക്കാന്‍ നിന്ന കുട്ടികള്‍
രണ്ട് കയ്യിലും മാങ്ങ
കീശനിറയെ മാങ്ങ
മാങ്ങയെന്തു ചെയ്യണമെന്നറിയാതെ
കുട്ടികള്‍, കുസൃതികള്‍ നിന്നു.

കാറ്റുതള്ളിയിട്ടവ
കൈനിറച്ചു കിട്ടിയിട്ടാവാം,
തിരിഞ്ഞുനോക്കിയില്ല കുട്ടികള്‍
കാക്കകൊത്തി തള്ളിയിട്ടവ!

കാക്ക തിന്നിട്ടെറിഞ്ഞ മാങ്ങയില്‍
പുഴുക്കള്‍,
ഈച്ചകള്‍
നിറമില്ലാത്ത ശലഭങള്‍
പടയായ് വരുന്ന ഉറുമ്പുകള്‍
ആയിരംകാലുള്ളവരൊക്കെയും
അമൃത് ചികയുന്നു.

മാമ്പഴക്കാലം
പ്രകൃതി അമൃത് ചുരത്തുന്ന കാലം.



ബി.ഷിഹാബ്

Thursday, August 2, 2012

വാനമ്പാടികള്‍

മാനത്തു വാനമ്പാടികള്‍
വന്നു നിറയുമ്പോഴാണ്‌
ദൈവത്തിന്റെ കരവിരുതില്‍ ഞാന്‍
വിസ്മയിച്ചു പോകാറുള്ളത്!

ഉയരെയുയരെ പറക്കുന്നവര്‍,
അര്ത്ഥ സംമ്പുഷ്ടം പാടുന്നവര്‍.

പകിട്ടേറിയ പക്ഷിക്കൂട്ടം
മാലാഖമാരുടെ പ്രഭാവലയം.

കൂടുവിട്ടവര്‍ മാനത്തു പറക്കുമ്പോള്‍
കൂടുകെട്ടുന്നതെന്‍ നെഞ്ചില്‍.

കര്‍മ്മത്തിന്റെ സുവര്ണ്ണ പര്‍വ്വത്തില്‍
ദേശാടനം വിനോദത്തിനല്ല!

ഓര്‍മ്മയില്‍ കാരണവര്‍ക്ക് സാന്ത്വനം
കണ്ടാല്‍ കുട്ടികള്‍ക്ക് കൌതുകം

യുവാക്കള്‍ക്കഭിനിവേശം;
യുവതികള്‍ക്ക് കൂടപ്പിറപ്പ്.

ആര്‍ത്തി കൊടുംവെയില്‍
വനവും, വാനവും പങ്കുവയ്ക്കുമ്പോള്‍
വംശനാശം വരുന്നതാര്‍ക്കൊക്കെ?

നദി നശിച്ച നാട്ടില്‍
കൃഷിയുപേക്ഷിച്ച മണ്ണില്‍
വാനമ്പാടികളെവിടെ കൂടുകൂട്ടും ?

ആര്‍ത്തി ഭൂതം താഴെകണ്ണുരുട്ടുമ്പോള്‍
വാനമ്പാടികളെവിടെ കൂടുക്കൂട്ടും?

എങ്കിലും കുന്നുകളിന്‍ മേല്‍ പറക്കുന്നവര്‍
ഭൂമിയിലെ ദുര്‍ഭൂതങളെ ഭയക്കില്ലിനിമേല്‍!

ഏതുമനസ്സിലും കൂടുക്കൂട്ടുന്നവര്‍
മേലെ മാനത്തു നിര്‍ഭയം പറക്കുമിനി!



ബി.ഷിഹാബ്
കലാകൌമുദി ജൂലൈ 2012

Monday, June 18, 2012

തണല്‍ മരങ്ങള്‍

വിളകാക്കുവാന്‍ തീര്‍ത്ത വേലികള്‍ തന്നെ
വിളവ് തിന്നുന്നത് കണ്ടുവോ? നീ.

തണലേകുവാന്‍ നട്ട തണല്‍മരങ്ങള്‍ സ്വയം
ഇലപൊഴിച്ച് ദാരുവായി.

ഇലപൊഴിക്കാത്ത മരങ്ങളില്‍ കാക്ക കൂടു കൂട്ടി.
തണല്‍തേടി വരുവോരുടെ തലയില്‍ കാഷ്ഠിച്ചു.
രാജവീഥിയ്ക്കിരുപുറവും
പാഴ്മരങ്ങളുടെ പടയാണ്‌.

ആലുമാഞ്ഞിലിയുമില്ല
പ്ലാവും, മാവും തേനുലാവുന്ന വരിക്കകളെങ്ങുമില്ല!

നാം നട്ടുവളര്‍ത്തുന്നതോ? വിവിധ നേരങ്ങളില്‍
വിവിധ നിറങ്ങള്‍ കാട്ടുന്ന പാഴ്മരങ്ങളെ!

പാതയോരങ്ങളിലെത്തിപ്പെട്ടാല്‍
പാഴ്മരങ്ങളുടെ വിത്തില്‍ ചവുട്ടി വഴുക്കി വീഴാം.

വിപ്ലവകവിയുടെ പ്രതിമയില്‍
കാക്ക കാഷ്ഠിച്ചു പറന്നു പോയി.
കാക്ക കാഷ്ഠിച്ച് കാഷ്ഠിച്ച്
ഗാന്ധി പ്രതിമയ്ക്ക്
മുഖം നഷ്ടമായി.

രാജപാതയില്‍ നിന്നാല്‍ കൊട്ടാരമൊരു കാട്ടിലാണെന്നു തോന്നും
കാടുമൊരു നാട്
കാട്ടിലെ നിയമങ്ങളില്‍ കടുത്ത നീതിയുണ്ടല്ലൊ?
കൊട്ടാരം കഴിഞ്ഞാല്‍, കാണാന്‍ ചേലൊത്ത,
കാടുനാടുമല്ലാത്ത, കഥയൊട്ടുമില്ലാത്ത
പാഴ്മരങ്ങളുടെ വിചിത്രദേശങ്ങള്‍ കാണാം.



ബി.ഷിഹാബ്

Monday, May 14, 2012

അകലം

ഈശ്വര രൂപമാണോ? നരന്‌
ഈശ്വരനും നരനും തമ്മിലകലമുണ്ടോ?
മനുഷ്യായുസ്സും മന്വന്തരങളും പോലെ,
മനുഷ്യരൂപവും വിരാട് സ്വരൂപവും പോലെ,
പദങളും, പ്രകാശ വര്ഷങളും പോലെ,
രൂപവും, വിശ്വരൂപവും പോലെ?
മന്വന്തരങളും
വിരാട് സ്വരൂപവും
പ്രകാശ വര്ഷങളും
സ്ഥലകാലങളില്‍
സമ്മേളിച്ചപ്പോള്‍
മനുഷ്യ മനസ്സുകളില്‍
ഈശ്വരന്‍ ജനിച്ചു.
പൂവും, പുഴയും
പുഴുവും
നരനും
സ്നേഹ സ്വരൂപന്‍
മനോഹരമായ് സൃഷ്ടിച്ചു
വിവേകികളവനെ പ്രശംസിച്ചു, പ്രണമിച്ചു.



ബി. ഷിഹാബ്

Monday, April 9, 2012

മരം


"കരി" തിന്ന്
പ്രാണന്‍ ചുരത്തുമ്പോള്‍

അശുദ്ധം കുടിച്ച്
ശുദ്ധം ശേഖരിയ്ക്കുമ്പോള്‍

വെയിലേറ്റേവര്‍ക്കും
തണലേകുമ്പോള്‍

ചവര്‍ കടഞമൃത്
വേര്‍തിരിക്കുമ്പോള്‍

ആവാസവ്യവസ്ഥയില്‍
അടിക്കല്ലാകുന്നു നീ.

ബി.ഷിഹാബ്