Wednesday, October 31, 2012

മാമ്പഴക്കാലം

പഴുത്തവ
പഴുക്കാന്‍ തുടങ്ങുന്നവ
പഴുത്തു കനിഞ്ഞവ
പഴുത്തു തൊഴിഞ്ഞവ
ഇനിയും പഴുക്കാനുള്ളവ
മാമ്പഴം എവിടെയും മാമ്പഴം തന്നെ.
കാക്കയും
അണ്ണാറക്കണ്ണനും
ഉത്സാഹതിമിര്‍പ്പിലാണ്‌
കുയിലിന്റെ
സംഗീതസദസ്സാണ്‌ മാങ്കൊപ്പില്‍
കാറ്റുവന്നാല്‍, മുളങ്കാടും
കുയിലിനോട് കൂട്ട്ചേരും
പെട്ടെന്നുവന്ന കാറ്റും,
ചന്നംപിന്നും, ചാറ്റല്‍ മഴയും
ചാരത്തുനിന്ന കുട്ടികളെ
സാകൂതം തലോടി
സന്തോഷം കൊണ്ട് തിമിര്‍ത്താടി
മാമ്പഴം പെറുക്കാന്‍ നിന്ന കുട്ടികള്‍
രണ്ട് കയ്യിലും മാങ്ങ
കീശനിറയെ മാങ്ങ
മാങ്ങയെന്തു ചെയ്യണമെന്നറിയാതെ
കുട്ടികള്‍, കുസൃതികള്‍ നിന്നു.

കാറ്റുതള്ളിയിട്ടവ
കൈനിറച്ചു കിട്ടിയിട്ടാവാം,
തിരിഞ്ഞുനോക്കിയില്ല കുട്ടികള്‍
കാക്കകൊത്തി തള്ളിയിട്ടവ!

കാക്ക തിന്നിട്ടെറിഞ്ഞ മാങ്ങയില്‍
പുഴുക്കള്‍,
ഈച്ചകള്‍
നിറമില്ലാത്ത ശലഭങള്‍
പടയായ് വരുന്ന ഉറുമ്പുകള്‍
ആയിരംകാലുള്ളവരൊക്കെയും
അമൃത് ചികയുന്നു.

മാമ്പഴക്കാലം
പ്രകൃതി അമൃത് ചുരത്തുന്ന കാലം.



ബി.ഷിഹാബ്