Wednesday, April 3, 2013

മരത്തിന്റെ കഥ

ഞങ്ങളുടെ പുരയിടത്തിലൊരു
വന്‍മരം ജീവിച്ചു
കാലവര്‍ഷം വരുമ്പോള്‍
പ്രകൃതിക്ഷോഭത്തില്‍പ്പെട്ട്
പഴുത്ത ഇലകളോടൊപ്പം
പച്ച ഇലകളും
തളിരിലകളും കൊഴിഞ്ഞു!
ചിലപ്പോള്‍ കൂട്ടത്തില്‍
ചില്ലകളൊടിഞ്ഞു!
ചിലപ്പോള്‍
വന്‍ ശിഖരങ്ങളൊടിഞ്ഞു.
ഒരു ദിവസം കൊടുങ്കാറ്റില്‍
വന്‍മരം കടപുഴകി കിടന്നു.
കടപുഴകിയ മരത്തില്‍ നിന്നും
കിളികളും കുടുംബവുമൊരു
ഞെട്ടലിനൊടുവില്‍
അടുത്ത മരത്തിലേക്ക് ചേക്കേറി
ഉറുമ്പും കുടുംബവും
മരത്തിനുചുറ്റും തേരാപാരാ നടന്നു.
തേന്‍കുടം നിറഞ്ഞു തുളുമ്പീടവെ തേനീച്ചകള്‍
ഭരണകൂട സുരക്ഷയ്ക്കായ്
രാജ്ഞിക്കു ചുറ്റും മൂളിപ്പറന്നു !
വടിയും, വാളും,
കയറും, കഴുകന്റെ കണ്ണുമായ്
രണ്ട് മൂന്ന് പേര്‍
മരത്തിനരികില്‍
വന്നു ചേര്‍ന്നു.
ഒരു മഹാശൂന്യത
മനസ്സില്‍ കണ്ട ഞാന്‍ ഞെട്ടിപ്പോയി.


ബി.ഷിഹാബ്

Wednesday, January 2, 2013

രാജശില്പി

നീ പ്രേമശില്പിയാണ്‌
പ്രേമശില്പികളില്‍ രാജശില്പിയാണ്‌
നിന്‍പ്രേമസാഗരതീരങ്ങളില്‍
രാജഹംസങ്ങളെ
പഞ്ചാര മണല്‍ത്തടങ്ങളെ
പാലമൃതൂട്ടുന്ന പൌര്‍ണ്ണമികളെ
പച്ചിലക്കാടുകളെ
പാടുന്ന
പുഴകളെ
നീ രചിക്കുന്നു
പകര്‍ത്തുന്നു
പകര്‍ന്നു കൊടുക്കുന്നു
വാര്‍ത്തെടുക്കുന്നു
വച്ചു സൂക്ഷിക്കുന്നു
വലിച്ചെറിഞ്ഞുടയ്ക്കുന്നു
എന്നിരുന്നാലും
നിന്‍ പ്രേമസാഗരതീരങ്ങളില്‍
പ്രേമം വിളമ്പി
തിരിച്ചു വരാത്ത യാത്ര പോയ
പ്രിയരെയോര്‍ക്കുമ്പോള്‍
കണ്ണു നനയുന്നു
കരള്‍ പിടയുന്നു
എങ്കിലും നീ പ്രേമശില്പികളില്‍
രാജശില്പിയാണ്‌.



ബി.ഷിഹാബ്