സഖി
ഹസീന
ഖല്‍ബിലെ കുളിരിന്റെ ഉറവെ,
സ്വപ്നങളിലെ നിറവെ
ദൂതുരയ്ക്കാനെത്തിയ രാജഹംസമെ
വനജ്യോത്സ്‌നകള്‍ നനയ്ക്കാന്‍
വന്ന പ്രിയംവദെ
നിനക്കായ് ഞാന്‍
ആവതെല്ലാം സഹിക്കാം, ത്യജിക്കാം
ആയിരം സംവത്‌സരങള്‍ കാത്തിരിയ്ക്കാം
സഖി
ഹസീന
നമ്മളൊന്നാണ്
നീ എന്റെ സ്വതന്ത്രമാണ്
ചണമില്ലുകളിലെ ചൈതന്യമാണ്
മനസ്സിലെ തുടിപ്പാണ്
ബ്രഹ്മപുത്രയുടെ ആഴമാണ്
ഹിമവന്റെ ഔന്നത്യമാണ്
ടാഗോറിന്റെ കവിതയാണ്
സ്വപ്നലോകത്തിലെ രാജ്ഞിയാണ്
എന്റെ പിതാവിന്റെ പുത്രിയാണ്
സഖി
ഹസീന
നീയിന്ന് കഥയില്‍ നായികയാണ്
പടയില്‍ സേനാപതിയാണ്
ആഴിമുഖത്തില്‍ അടിയൊഴുക്കാണ്
രാവില്‍ ശുക്രതാരയാണ്
പാതിരാവില്‍ ധ്രുവ ദീപ്തിയാണ്
സഖി
ഹസീന
എന്റെ നാഡീസ്പന്ദനങളില്‍ നീ
കര്‍മ്മങളില്‍ നീ
കവിതകളില്‍ നീ
ദര്‍ശനങളിലും നീ
സഖി
ഹസീന
നീ ഇന്ന് എന്റെ സ്വാതന്ത്രത്തിന്റെ
പര്യായമാണ്
നിന്റെ ഇന്നലെകളെ ചികയില്ല ഞാന്‍
നിന്റെ നാളെകളെ ചിന്തിക്കുന്നില്ല ഞാന്‍
22-12-1990
ബി.ഷിഹാബ്