Saturday, June 21, 2008

മൂല്യം ചോര്‍ന്ന തുട്ടുകള്‍

തുട്ടുകളൊന്നുമിന്നെന്‍ കയ്യില്‍ തങ്ങുന്നില്ല
ഒരുപൈസയ്ക്ക്,
കൈകുമ്പിള്‍ നിറയെ ചുണ്ടല്‍ കിട്ടുമായിരുന്നു
നാലണയ്ക്ക്, നാല് ചായയൊ, ഊണോ കിട്ടുമായിരുന്നു!
ഒരു പൈസയ്ക്ക്, ഒരു പാക്കോ?
പത്തുപുന്നയ്ക്കയൊകൊടുക്കണമായിരുന്നു
ഇന്ന് മൂല്യം ചോര്‍ന്ന പാക്കും, പുന്നയ്ക്കയും
ആരും കൈകൊണ്ട്പോലും തൊടുന്നില്ല
ഒന്നിന്റെ രണ്ടിന്റെ മൂന്നിന്റെ തുട്ടുകള്‍
വിസ്മൃതമായിരിക്കുന്നു
അഞ്ജിന്റെ പത്തിന്റെ, സ്വര്‍ണ്ണനിറമുള്ള
ഇരുപതിന്റെ തുട്ടുകളും ആ വഴിയ്ക്കുതന്നെ
ഇരുപത്തിയഞ്ജിന്റെ അമ്പതിന്റെ
തുട്ടുകളുടെ ഗതി യാചകന്റെ മുഖഭാവത്തിലുണ്ട്
വീടൊരണുകുടുംബമായതില്‍ പിന്നെ
തുട്ടുകളൊന്നും കയ്യില്‍ തങ്ങുന്നില്ല
തൊഴുത്തില്ല, ഇവിടെയിപ്പൊള്‍ കൊയ്ത്തില്ല
കൊറ്റളക്കാന്‍ പറയില്ല
പറ പിടിക്കുന്ന കാരണോരില്ല
അകത്തെ മുറിയിലൊരു പത്തായമില്ല
മുറ്റത്തെപുകള്‍പ്പെറ്റചെടികള്‍
ഞവരയും, വയമ്പും, ഉമ്മത്തുമില്ല
ചുണ്ടത്തൊരു രാമകഥയുമായ്
മുത്തശ്ശികൂട്ടിനില്ല
സന്ധ്യയ്ക്കാരുമീ ചെറുവഴിയിലൂടെ
ചൂട്ടുകറ്റമിന്നിച്ച് നടന്നുപോകുന്നില്ല
മൂല്യം ചോര്‍ന്നതുട്ടുകളെത്രവേണം
മുഖം തിരിച്ചുവയ്ക്കാതിരുന്നാല്‍ മതി
മുന്നില്‍ വന്നു വീഴുന്നത്
മുറപോലെ കാണാം
ഇന്നച്ഛനുമമ്മയും വൃദ്ധസദനത്തിലേക്കു വലിച്ചെറിഞ്ഞ
അക്കവും, വക്കും തേഞ്ഞ തുട്ടുകളാണ്
വലിച്ചെറിയാന്‍ പോലുമാകാതെ
കീശയ്ക്കുഭാരമായ്
പുരനിറഞ്ഞപെങ്ങളുമുണ്ട്.
-ബി. ഷിഹാബ്-


1 comment:

Anonymous said...

It's good poem