യുദ്ധവെറിയുടെ ദുഷ്ടദുര്യോധന രഥം
എല്ലാമുടച്ചെറിഞ്ഞതിന്‍ നടുവില്‍
ഒറ്റപ്പെട്ടുപോയൊരു പിഞ്ചോമന ബാലന്‍
കഠിനം ചോര വാര്‍ന്നു കിടന്നു.
കൈകാല്‍ നഷ്ടപ്പെട്ടവന്‍
ടിവിയില്‍ നിങ്ങളും കണ്ടുകാണും.
എന്റെ അച്ഛനെ തരൂ
അമ്മയെ തരൂ
അനുജത്തിയെ തരൂ
അവനാരോടോ കെഞ്ചികൊണ്ടിരുന്നു.
കെഞ്ചി കെഞ്ചി കുഴഞ്ഞവന്‍
കരഞ്ഞു കഞ്ഞു തളര്‍ന്നവവന്‍
മസ്തിഷ്കങ്ങളില്‍ ബോംബിന്റെ വെടിപൂരവും
രുധിര സംഗീതവും മരീചികള്‍ തീര്‍ത്തപ്പോള്‍
ബന്ധിക്കപ്പെട്ട കൈകളാല്‍ നരര്‍
രാജ്യം പോലുമുപേക്ഷിച്ചു ജീവനും കൊണ്ടോടിയപ്പോള്‍
മനുഷ്യഹസ്തങ്ങളില്‍ സാന്ത്വനസ്പര്‍ശം
തിരഞ്ഞു തളര്‍ന്നവന്‍
പെട്ടെന്നൊരഭൌമാനന്ദം നുണഞ്ഞ പോലെ
ബലന്റെ ഭാവം മാറി
മധുരമായ് ചിരിച്ചവന്‍
അവനാരുമായോ സംവദിച്ചുകൊണ്ടിരുന്നു.
വിജയശ്രീലാളിതന്‍
ആരെയോ നോക്കി ചിരിച്ചു.
ആ കൈകളിലവന്‍ സുരക്ഷിതനായി
മുഖത്ത് ശാന്തി വിളയാടുന്ന ഭാവം.
യുദ്ധാവസാനം
മരിച്ചുപോയവരെ വിജയിച്ചവരുടെയും
ജീവിച്ചിരിക്കുന്നവരെ തോറ്റുപോയവരുടെയും
കൂട്ടത്തില്‍പെടുത്തി.
ബി.ഷിഹാബ്