Tuesday, April 28, 2009

ഇസ്താംബൂള്‍

ഓര്‍ഹന്റെ
സ്വപ്നസദൃശവും, സ്ഫടികസമാനവുമായ പ്രതിഭയില്‍
ആയിരമിതളുകളുള്ള ചുവന്ന സൂനം പോലെ ഇസ്താംബൂള്‍

ഇവിടെയോരോമണല്‍ത്തരിയിലും
പരമകാരുണികനും, കരുണാവാരിധിയുമായ
അല്ലാഹുവിന്റെ കൃപാകടാക്ഷം കൊണ്ട കാരുണ്യ വര്‍ഷം

മുത്തുനബിയ്ക്കു മാലാഖമാരില്‍ മുമ്പന്‍ ജിബ്‌രീല്‍
കൈമാറിയ ദിവ്യസന്ദേശങളുടെ അലയൊലികള്‍
ഇസ്താംബൂളിലെ ഓരോ തിരയുമേറ്റു പാടുന്ന
സുല്‍ത്താന്‍ സുലൈമാന്റെ സുവര്‍ണ്ണകാലത്തിന്റെ ശേഷിപ്പുകള്‍

സ്വന്തമാവശ്യങള്‍ക്ക് ഖജനാവില്‍ നിന്നും
കാശെടുക്കാത്ത സുല്‍ത്താന്‍മാര്‍

പിശാചിന്റെ പ്രലോഭനങളില്‍ വഴങാതെ
ഓട്ടോമന്‍സാമ്രാജ്യത്തിന്റെ തലയെടുപ്പ്

ആരെയും മയക്കുന്ന ഹുറികളാല്‍ നിറയുമ്പോഴും
മലക്കുകളുടെയും, ജിന്നുകളുടെയും അദൃശ്യ സാന്നിദ്ധ്യം

ഇസ്ലാമിന്റെ ആയിരം വര്‍ഷങളാഘോഷിക്കുന്ന ആഗ്ര
സുല്‍ത്താന്‍ അക്ബറിന്റെ മഹത്വം
കൌതുകത്തോടെ നോക്കികാണുന്ന ഇസ്താംബുള്‍

ഇസ്താംബൂള്‍ ഇന്നും സമ്പന്നയാണ്
ഓര്‍ഹന്റെ ഉണ്മയാല്‍

എന്നും പടയോട്ടങള്‍ക്ക് കാതോര്‍ത്ത് കിടന്ന ഇസ്താംബൂള്‍
ചിത്രപ്പണികള്‍ ചെയ്തു, ചായം പൂശി
വാതിലുകള്‍ തുറന്നിട്ടിരിക്കുന്ന ഇസ്താംബുള്‍
യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ കുറിച്ചോര്‍ത്തു
വിലപിക്കുന്നവരെ കൊണ്ടുള്ള സാമീപ്യം മഹത്തരമാണ്

ഇസ്താംബൂള്‍ നീ ധന്യയാണ്
നീ യൂറോപ്പിന്റെ രോഗിയല്ല
ലോകത്തിന്റെ ശക്തിയാണ്


ബി.ഷിഹാബ്