രാജാവ്,പിതാവ്,മാതാവ്,മാതുലന്‍,സഹോദരന്‍
ഭര്‍ത്താവ്,പുത്രനും
കണ്ണിലെ കൃഷ്ണമണി പോലെ നിന്നെ കാക്കുന്നുവല്ലോ
ഇവരുടെ കൈകളിലെന്നും നീ സുരക്ഷിത
ഇവര്‍ തീര്‍ക്കുന്ന പ്രേമസാഗരതീരങളില്‍ നീയെന്നും സ്വതന്ത്ര
കൈവളര്‍ന്നോ? കാല്‍ വളര്‍ന്നോ?
മാതാപിതാക്കള്‍ സാകൂതം കാത്തിരിക്കുന്നു
ഉറുമ്പരിച്ചോ? പേനരിച്ചോ?
ഉല്‍കണ്ഠയാണേവര്‍ക്കുമെന്നും നിന്നെയോര്‍ത്ത്
ഉള്ളതില്‍ മുന്തിയ സമ്പാദ്യങളൊക്കെതന്നാണല്ലോ?
നിന്നെയൊരുത്തനോട് പറഞു വിടുക
നിന്റെ കണ്ണീരു കണ്ടാ-
ലിവരിലാര്‍ പൊറുക്കും
നിന്നെ കെട്ടിച്ചയയ്ക്കാതെ
യിവിടെയൊരു സോദരനും
ജീവിതം തുടങിയിട്ടില്ലല്ലോ
മോളുടെ കാര്യമാണെപ്പോഴും മാതുലന്‍ വന്നു
മാതാവിനോട് തിരക്കുക
ഭര്‍ത്താവിന്റെ സ്നേഹ സാഗരതീരങളില്‍ നീ
പാതി മെയ്യാണ്
അവനുണ്ടെങ്കിലും നിന്നെ ഊട്ടുന്നു
അവനടുത്തില്ലെങ്കിലും നിന്നെ ഉടുപ്പിക്കുന്നു
പുത്രനെപ്പോഴുമമ്മയെപ്പറ്റി ആധിയാണ്
അമ്മയെ കാണാന്‍ മാത്രമാണവന്‍
സമയം കിട്ടുമ്പോഴൊക്കെ ഓടി വരിക
കോടിയും പുകയിലക്കെട്ടും കയ്യിലുണ്ടാകുമല്ലോ?
നിന്റെ മുന്നിലൊരു ലക്ഷ്മണരേഖയും
വിഘാതമായ് കിടന്നിട്ടില്ലിന്നേ വരെ
കാലുപിടിച്ചപേക്ഷിച്ചിട്ടേയുള്ളു ലക്ഷ്മണന്‍
ഒരു മുറികച്ച കൊണ്ട്
തസ്കരന്‍മാരെ നേരിട്ടവളാണ് നീ
ആയിരത്തൊന്ന് രാവുകള്‍ ഭരണത്തെ
മയക്കികിടത്തിയവളാണ് നീ
നിന്റെ തീരുമാനങള്‍ക്കു മുന്നില്‍
ഏഴാം കപ്പല്‍പ്പടപോലും തിരിച്ചു പോയിട്ടുണ്ട്
നീയെന്നും കരുത്തയാണ്
നീയെന്നും സുരക്ഷിത
നീയെന്നും സ്വതന്ത്ര
ബി.ഷിഹാബ്